മണ്ണാർക്കാട്: സംസ്ഥാനത്ത് മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് മന്ത്രി കെ. രാജൻ. 100 പ്ലസ് എംഎൽഎമാർ ഉണ്ടാവും. അതിൽ ഒരു എംഎൽഎ മണ്ണാർക്കാട്ടുനിന്നാവും. അതിനായി ശക്തനായ സ്ഥാനാർഥിയെ നിർത്തുമെന്നും കെ. രാജൻ പറഞ്ഞു.
കുമരംപുത്തൂർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചങ്ങലീരി ശാഖയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ മണ്ണാർക്കാട് സ്ഥാനാർഥിയും ഉണ്ടാവും. മണ്ണാർക്കാട് തിരിച്ചുപിടിക്കുക എന്നതാണ് സിപിഐയുടെ ലക്ഷ്യം. ഇതിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നും മന്ത്രി ആവർത്തിച്ചു.
ബാങ്ക് പ്രസിഡന്റ് എ.കെ. അബ്ദുൾ അസീസ് അധ്യക്ഷനായി. സേഫ് റൂം ഉദ്ഘാടനം കെ. പ്രേംകുമാർ എംഎൽഎയും കോൺഫറൻസ് ഹാൾ ഉദ്ഘാടനം എൻ. ഷംസുദ്ദീൻ എംഎൽഎയും നിക്ഷേപം സ്വീകരിക്കൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശിയും നിർവഹിച്ചു. സെക്രട്ടറി എൻ. സുഗന്ധി, വൈസ് പ്രസിഡന്റ് അബ്ദുൾ നാസർ മൈലംകോട്ടിൽ, മുൻ പ്രസിഡന്റ് എൻ. മണികണ്ഠൻ, കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, സംസ്ഥാന നിക്ഷേപ ഗാരന്റി ബോർഡ് അംഗം എൻ.കെ. നാരായണൻകുട്ടി, കുമരംപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് ഷമീർ, വാർഡംഗം കെ.പി. ഹംസ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ശ്രീഹരി, കെ.ജി. സാബു, താജുദ്ദീൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം. പുരുഷോത്തമൻ, അയിലക്കര മുഹമ്മദാലി, സി. മുത്തു, എൻ. മണികണ്ഠൻ, രമേഷ് നവായത്ത്, ഉമാദേവി, ഒ.യു. സാബു, കൃഷ്ണകുമാർ പങ്കെടുത്തു.